Monday, January 28, 2008

എഴുത്തുകാരന്‍

ഉള്ളിന്റെ ഉള്ളില്‍ ഒളിപ്പിച്ചുവച്ച
എന്റെ ജീവനെയാണ് ഞാന്‍
എഴുതി തീര്‍ക്കുന്നത്.
എനിക്കുവേണ്ടിയല്ലാര്‍ക്കോ വേണ്ടി
എഴുതി എഴുതി ഞാന്‍ മരിക്കുന്നു
എന്നിട്ടും എഴുത്തുകാരനെന്നല്ലെനിക്കു പേര്‍.
പെന്‍സിലാത്രെ!
ഫൂ...
ആര്‍ക്കുവേണം ഈ പകരംകിട്ടിയ നാമം.

Wednesday, January 23, 2008

ജനിമൃതികളുടെ ബാലന്‍സിംഗ് ആക്ട്.

കല്ലിലേക്ക് എടുത്തിട്ടപ്പോള്‍ ഒന്നു ഞെട്ടി
അവിടെയിട്ട് കഴുത്തിനുപിടിച്ചമര്‍ത്തിയൊന്നു കറക്കിയപ്പോള്‍ ഒന്നു ഞെരങ്ങി
പിന്നെ അനങ്ങിയില്ല.
സംശയം തീര്‍ക്കാനൊന്നു മറിച്ചിട്ടുനോക്കി.
മാവ് ചത്തു.
ജനിമൃതികളുടെ ബാലന്‍സിങ് നിയമത്തിനു താഴെ
ഒരു ദോശ ജനിച്ചു.

തീവണ്ടിയും അതിന്റെ തണ്ടും

ട്രെയിന്‍

രണ്ടു തണ്ടിലായി നീങ്ങുന്ന ഒട്ടനേകം
ശൌച്യാലയങ്ങളുടെ ഗന്ധവും
ജീവനില്ലാത്തനോട്ടങ്ങള്‍ പരസ്പരമെറിഞ്ഞ് രസിക്കും
യാത്രക്കാരുടെ ബന്ധവും
ചേര്‍ന്ന ഇരുമ്പു ട്രയിന്‍
എനിക്കൊരു ഹരമായിരുന്നു
അതിനേക്കാളാറെ വിരസതയും ആയിരുന്നു.
യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടിറ്റാറ്റിലോ പുഴയിലോ
ട്രയിന്‍പോയി ആത്മഹത്യ ചെയ്യുന്നതെന്റെ
സ്വപ്നമായിരുന്നു.



റയില്‍

കൂട്ടിമുട്ടാതെ കൈകള്‍ ചേര്‍ത്ത് വച്ച് കിടന്നുരുക്കു സ്വപ്നം കാണും
മെലിഞ്ഞ ഇണകള്‍
സ്വപ്നതകര്‍ച്ചകള്‍ക്ക് തലവയ്ചു കിടക്കാനൊരുക്കിയ
ഈര്‍ക്കില്‍ തലയണകള്‍
തലതകര്‍ന്നുചത്തവരുടെ തലതെറിച്ച ഓര്‍മ്മകള്‍
പരസ്പരം പറഞ്ഞു വെയില്‍ കാഞ്ഞ് ചിരിക്കുമവര്‍
അവരുടെ തലയ്ക്കുമുകളില്‍ മറ്റൊരു തീവണ്ടിയലറി
പാഞ്ഞുവരുന്നതുവരെ.