Wednesday, February 27, 2008

അക്‍ബറിന്റെ പെണ്ണ്

തൊട്ടാല്‍ ഒഴുകുന്ന കവിള്‍ തടങ്ങളില്‍
96% മിനറല്‍‌സുമായി ലോറല്‍ പാരീസിന്റെ ഡബ്ല്യു 4 ബേയ്സ് ഷെയ്‌ഡ്.
നട്ടുപിടിപ്പിച്ച കണ്‍‌പീലികളില്‍റെവ്‌ലോണിന്റെ നീലചേര്‍ന്ന കറുപ്പ്.
കൃഷ്ണമണികളില്‍ തിരിഞ്ഞോടാന്‍ തയ്യാറെടുക്കുന്ന ഒരു മുഗള്‍ സൈന്യംപ്രതിഫലിച്ചു.
ഇത് അക്‍ബറിന്റെ പെണ്ണ്, ഇന്ത്യയുടെ ഉണ്ടക്കണ്ണ്.

അജ്‌മീറിന്റെ ചുവരുകള്‍ക്കുള്ളില്‍ അവളെ പൊതിഞ്ഞു നിന്ന
നൈനാ റിച്ചിയുടെ പുതിയ ഫ്രാഗ്രന്‍സ്.
ഇത് അക്‍ബറിന്റെ പെണ്ണ്, ഐശ്വര്യ റായ്.

സ്ക്രീനിന്റെ തിളക്കവും കടന്നുചെന്ന കണ്‍‌ലക്ഷങ്ങള്‍‍ അവളുടെ പിന്‍‌തിരിയലില്‍
പിന്നാമ്പുറങ്ങളിലെന്തെങ്കിലും തെളിയുമോ എന്നു കാത്തു.
എന്റെ കയ്യിലെ പാക്കിലെ ലേയ്‌സ് തീരുന്നതിനെ കൂറിച്ചോര്‍ത്ത്ഞാന്‍ ആകുലയായി.
ഒന്നിളകിയിരുന്നു ഞാനോര്‍ത്തു, ഒന്നുകൂടി വാങ്ങാമായിരുന്നു.

Thursday, February 7, 2008

ഞായറാഴ്ച ചത്തുവീഴുന്ന ഈച്ചകള്‍

കപ്പിനും ചുണ്ടിനും ഇടയില്‍
ഒരുപാട് ഉമ്മകളുടെ ഇടവേള.

ചായ നാവും, കപ്പ് ചുണ്ടും കൊതിച്ചിരുന്നു
അതിനുള്ളില്‍ ഒരു ഈച്ച
പുനര്‍ജന്മവും കാത്തുകിടന്നു.

“പോത്തുപോലെ കിടന്നുറങ്ങാതെ
എണീക്കെടീ കഴുതെ“
പോത്തിനും കഴുതയ്ക്കുമിടലിലെ ജീവിയായ്
ഞാന്‍ എണീറ്റു.
കര്‍മ്മം തേടി സ്വയം ശ്രാദ്ധമായൊഴുകി നടന്ന
ഈച്ചയെ ജനാലവഴി പുറത്തേക്ക് എറിഞ്ഞു
ഞാന്‍ തിരിഞ്ഞുകിടന്നു.

ഇന്ന് ഞായറാഴ്ചയാണ്.

Tuesday, February 5, 2008

സ്വപ്നത്തിലെ ഫെമിനിസ്റ്റ്

കൂട്ടുകാരനെ പിന്നിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ
പറക്കുന്നതാണെന്റെ പതിവു സ്വപ്നം
കോഫീഷോപ്പില്‍ സുന്ദരന്മാരെ കാണുമ്പോള്‍
കണ്ണിറുക്കാതെ കമന്റു പറയാനെന്റെ നാവുവിറയ്ക്കും
പുകചുറ്റിമറയാകുന്ന ബാറില്‍
കൈചൂണ്ടി ഒരു പെഗിനോര്‍ഡര്‍ കൊടുക്കണം
തെരുവില്‍ ഇരുളിന്റെ മറവില്‍
ഒരുവേള മതില്‍ചാരി നിന്നൊരു പുകയൂതണം
ഇരുളിളിന്റെ നിശബ്ദതയെ കീറിയൊരു ജീപ്പ് മുന്നില്‍
ഉരഞ്ഞു നിന്നു.
“പോരുന്നോ ഒപ്പം? പുലരുമ്പോള്‍ തിരികെവിടാം,
വെറുകയ്യോടെ അല്ലാതെ.“

“ഫാ.. നിന്റെ..!“
എനിക്കുത്തരം മുട്ടി.
എന്റെ ഉറക്കം ഞെട്ടി.
തലയ്ക്കുമുകളില്‍ ഫാന്‍.
അതിനുതാഴെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞു.
ഞാന്‍ ഒരു പെണ്‍കുട്ടിയാണ്.
കഴിഞ്ഞതും ഇനി വരാനിരിക്കുന്നതും എന്റെ
സ്വപ്നമാണ്.
സ്വപ്ന തകര്‍ച്ചയാണ്.