Wednesday, April 23, 2008

കാറ്റു ചോരുന്ന ജനാല

പല്ലില്‍ ഉരയുന്ന ബ്രഷിനു
നാവിനോടുള്ള കൊതിപോലെയാണ്
തോട്ടക്കാരന്‍ എന്നെ നോക്കിയിരുന്നത്.
മഞ്ഞുവീഴുന്ന പ്രഭാതങ്ങളില്‍
എന്റെ ജനാലയുടെ ഓരത്തവന്‍
അനാവശ്യമായി തന്റെ പേശികള്‍ വലിച്ചുമുറുക്കിപ്പാവം
കുഞ്ഞിലകളെ അരിഞ്ഞിടുന്നത്
നാവിനോടുള്ള കൊതിയെ പിന്‍പറ്റിയാവും.
അതുനോക്കിനില്‍ക്കാന്‍ ഒരു രസമാണ്.
പുലരിസൂര്യനില്‍ അവന്റെ പേശികളില്‍
നനുത്ത വിയര്‍പ്പു പൊടിയുന്നതുകാണാന്‍.

ഉള്ളില്‍ കിടക്കയില്‍ കൂര്‍ക്കംവലിച്ചുറങ്ങുന്ന മുഖത്തെ
തുറന്നുപിടിച്ചവായയില്‍ ഞാനൊന്നു നോക്കി.
ഉറങ്ങുമ്പോള്‍ കുട്ടികളെപോലെയാണ്
ഒന്നു തൊട്ടില്ലെങ്കിലുമെന്തിനും ഉച്ചത്തില്‍ ഉയര്‍ത്തുന്ന
അട്ടഹാസവും അലറലും ഉറക്കത്തില്‍ ഇല്ല.
ഒരു പാവം.
ഒരുപാടിഷ്ടം തോന്നുന്ന കുഞ്ഞ്.

ഞാന്‍ ജനാലയടച്ചു.
പക്ഷെ ജനാലയുടെ അരികുകളിലൂടെ
ഈ തണുപ്പിലും അരിച്ചുകയറ്റുന്ന
ചൂടുകാറ്റിനെകുറിച്ചോര്‍ത്ത് ഞാന്‍ വ്യസനിച്ചു.
ഞാനോര്‍ത്തു, ഈ ജനാലശരിയാക്കണം
ഇതിന്റെ ചോര്‍ച്ചയടയ്ക്കണം.